വിന്‍ഡീസ് രണ്ടിന് 45 റണ്‍സെന്ന ദയനീയ നിലയില്‍; രണ്ടാംടെസ്റ്റിലും വിജയമുറപ്പിച്ച്‌ ഇന്ത്യ.

കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യ വിജയത്തിലേക്ക്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെ. വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാന്‍ വേണ്ടത് 423 റണ്‍സ് കൂടി. 468 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് മൂന്നാം ദിനം കളി നിര്‍ത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന ദയനീയ നിലയിലാണ്. രണ്ട് ദിവസം ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി വിജയം സ്വന്തമാക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 299 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. 18 റണ്‍സുമായി ഡാരന്‍ ബ്രാവോയും നാല് റണ്‍സുമായി ബ്രൂക്‌സുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ജോണ്‍ കാംബെല്‍, ബ്രാത്ത്വെയ്റ്റ് എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. ഇഷാന്ത് ശര്‍മ, മൊഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 117 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 299 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാമത് ബാറ്റു ചെയ്ത് നാലിന് 168 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അജിങ്ക്യ രഹാനെയും (64), ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ ഹനുമ വിഹാരിയും (53) അര്‍ധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. കെ.എല്‍ രാഹുല്‍ (6) വീണ്ടും പരാജയമായപ്പോള്‍ മായങ്ക് അഗര്‍വാള്‍ വെറും നാലു റണ്‍സുമായി മടങ്ങി. പൂജാര 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കോലിയെ റോച്ച്‌ ആദ്യ പന്തില്‍ തന്നെ മടക്കി. റോച്ച്‌ മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 299 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. ഏഴു വിക്കറ്റിന് 87 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ആതിഥേയര്‍ക്ക് 30 റണ്‍സിന് ശേഷിക്കുന്ന മൂന്നു വിക്കറ്റും നഷ്ടമായി. റഖീം കോണ്‍വാള്‍ (14), ജഹ്മര്‍ ഹാമില്‍ട്ടന്‍ (5), കെമാര്‍ റോച്ച്‌ (17) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിന്‍ഡീസിന് നഷ്ടമായത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയും മൂന്നാം ദിവസത്തെ വിക്കറ്റ് പങ്കിട്ടു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഷമി 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി.34 റണ്‍സെടുത്ത ഹെറ്റ്‌മെയറാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് നേടിയ ബുംറ 12.1 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.