ബന്ധുവീടുകളില്‍ കഴിഞ്ഞവര്‍ക്കും സാമ്പത്തിക സഹായം നല്‍കും: മുഖ്യമന്ത്രി

പ്രളയത്തെ തുടര്‍ന്ന് ദുരിതം നേരിട്ടവരില്‍ ക്യാമ്പിലല്ലാതെ ബന്ധുവീടുകളിലും മറ്റും കഴിയേണ്ടി വന്നവരില്‍ അര്‍ഹരായവര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ അറിയിച്ചു. നിരവധി പേര്‍ ഇങ്ങനെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചില മുന്‍ കരുതല്‍ ആവശ്യമാണ്. അതിനാല്‍ ആവശ്യമായ പരിശോധനക്ക് ശേഷം അര്‍ഹരായവരെ കണ്ടെത്തിയായിരിക്കും സഹായം ലഭ്യമാക്കുക. ഇതിന് പുറമെ അവസാന നിമിഷം ക്യാമ്പുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുണ്ട്. ഇത് പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് അര്‍ഹതയുള്ളവരുടെ പേര് വിവരങ്ങള്‍ വില്ലേജ് ഓഫീസ്, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തും. ഇതിലൂടെ അനര്‍ഹരെ കണ്ടെത്താനാകും. സപ്തംബര്‍ ഏഴിന് എല്ലാ ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുപരിപാടി നടത്തുകയും ഈ ചടങ്ങില്‍ സഹായം ലഭ്യമാക്കിയ കുടുംബങ്ങളുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയും ചെയ്യും. ചില പ്രദേശങ്ങള്‍ തന്നെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നഷ്ടപ്പെട്ടിട്ടുണ്ട്. താമസയോഗ്യമല്ലാത്ത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് പുതിയ ആവാസകേന്ദ്രവും വീടും ഒരുക്കേണ്ടതുണ്ട്. ഇതിന് സന്നദ്ധത അറിയിച്ച് പലരും മുന്നോട്ട് വന്നിട്ടുണ്ട്. സാധാരണ ദുരിതാശ്വാസ മാനദണ്ഡങ്ങളില്‍ പെടാത്തവരാണ് ചെറുകിട കച്ചവടക്കാരും വ്യവസായികളും. ഇവരുടെ പ്രശ്‌നം പ്രത്യേകം പരിശോധിക്കാന്‍ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Leave A Reply

Your email address will not be published.