കോൺഗ്രസ് നേതാവ് കെ.എം പ്രകാശന്റെ മരണം,കണ്ണൂർ മെഡിക്കൽ കോളേജിന്റെ അനാസ്ഥക്കെതിരെ സതീശൻ പാച്ചേനിയുടെ നിരാഹാര സമരം 29 ന് ( 29-8-2019)

കോൺഗ്രസ് നേതാവും കൂവേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായ കെ എം പ്രകാശന്റെ മരണത്തിന്
കാരണം പരിയാരം ഗവ.മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ കിട്ടാത്തതിനാലാണെന്ന ഗുരുതരമായ വിഷയം ഉയർത്തി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. ഗവ.മെഡി.കോളേജിലെ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും അനാസ്ഥക്കെതിരെ 29 ന് പരിയാരത്ത് ഏകദിന നിരാഹാര സമരം അനുഷ്ഠിക്കുന്നു.
രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് നിരാഹാര സമരം അവസാനിക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അടിക്കടി ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്.
രോഗീപരിചരണ കാര്യത്തിൽ കൃത്യവിലോപവും ആത്മാർത്ഥത ഇല്ലായ്മയും സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിൽ ഭയന്ന് കൊണ്ട് ചികിൽസ തേടേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഉത്തര മലബാറിലെ പാവപ്പെട്ടവരുടെ ഏക ആശയ കേന്ദ്രമായ ഈ ആതുരാലയത്തെ തകർച്ചയിലേക്ക് തള്ളിവിടുന്ന അധികൃതരുടെ നടപടിക്കെതിരെ പ്രതികരിക്കാനും, മനുഷ്യ ജീവനുകൾ രക്ഷിക്കാൻ സർക്കാറിന്റെ അടിയന്തിര ഇടപ്പെടൽ സൃഷ്ടിക്കുന്നതിന് വേണ്ടിയുമാണ് ഈ ഏകദിന നിരാഹാര സമരമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. കോൺഗ്രസ് നേതാവ് കെ എം പ്രകാശൻ മരിക്കാൻ കാരണം പരിയാരം മെഡി.കോളേജിൽ മതിയായ ചികിത്സ കിട്ടാത്തതിനാലാണ്. ഹൃദയസംബന്ധമായ അസുഖമുള്ള പ്രകാശൻ പരിയാരത്ത് ആശുപത്രിയിൽ എത്തിയിട്ടും ഏതാണ്ട് രണ്ടു മണിക്കൂറോളമാണ് ഒരു ചികിത്സയും കിട്ടാതെ കഴിയേണ്ടിവന്നത്. തനിക്ക് ആൻജിയോഗ്രാം ചെയ്തിരുന്നതാണെന്ന കാര്യം പ്രകാശൻ പറഞ്ഞിട്ടും ആശുപത്രി അധികൃതർ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഈ കുറ്റകരമായ അനാസ്ഥ ഇല്ലായിരുന്നുവെങ്കിൽ പ്രകാശൻ മരിക്കില്ലായിരുന്നു.പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൃദയാലയത്തിലേക്ക് ഏറെ പ്രതീക്ഷയുമായി ചികിത്സക്ക് വരുന്നവർ മൃതദേഹവുമായി തിരികെ പോകേണ്ടുന്ന ദുരവസ്ഥയാണ് പലപ്പോഴായി നിലവിലുള്ളത്. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഇനിയൊരു മനുഷ്യ ജീവനും അകാലത്തിൽ പൊലിഞ്ഞ് പോകാനുള്ള അവസ്ഥാ വിശേഷം സൃഷ്ടിക്കപ്പെടാതിരിക്കാൻ പൊതു സമൂഹത്തിന്റെ ഒന്നാകെയുള്ള പിൻതുണ സമരത്തിനുണ്ടാകണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.