ഉണക്കമീൻ ചതച്ചു വച്ച കറി

ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഉണക്കമീൻ ചതച്ചു വച്ച കറി. 6 – 7 പേർക്ക് കഴിക്കാവുന്ന അളവാണ് പറയാൻ പോകുന്നത്; ഉണക്കമീൻ ഇഷ്ടമുള്ളവർക്ക് നല്ലൊരു കറിയായിരിക്കും ഇത്.

ആവശ്യമുള്ള ചേരുവകകൾ:

1 ) ഉണക്കമീൻ (ചെറിയ തരം മീനുകളാണ് ഇതിനു നല്ലതു; ഞാനിവിടെ ചെറിയ കൊഴുവ ആണ് എടുത്തിരിക്കുന്നത്) നന്നായി കഴുകി അഴുക്കെല്ലാം കളഞ്ഞു വച്ചതു – 200 ഗ്രാം
2 ) പച്ചമാങ്ങാ – 2 വലുത് തൊലി കളഞ്ഞു നീളത്തിലുള്ള കഷണങ്ങൾ ആക്കുക (മാങ്ങയുടെ പുളി അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം; ഈ കറിക്കു പച്ചമാങ്ങയാണ് രുചിയുണ്ടാവുക; കുടംപുളിയോ വാളൻപുളിയോ ചേർത്തും ചെയ്യാം)
3 ) പച്ചമുളക് നെടുകെ കീറിയത് – 6 എണ്ണം
4 ) സവാള നീളത്തിൽ അരിഞ്ഞത് – ഒരു മീഡിയം വലുപ്പമുള്ളതു
5 ) ഇഞ്ചി ചതച്ചത് – ഒരു ഇഞ്ചു വലുപ്പമുള്ളതു
6 ) ഒരു മുറി തേങ്ങയും (വലിയ തേങ്ങയുടെ) മൂന്നു ടേബിൾ സ്പൂൺ മുളകുപൊടിയും (എരിവ് അനുസരിച്ചു) രണ്ടു ടേബിൾ സ്പൂൺ മല്ലിപൊടിയും മുക്കാൽ റ്റീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ചെറു ചൂടുവെള്ളവും കൂടി നല്ല മഷി പോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക
7 ) കറിവേപ്പില – രണ്ടു പിടി
8 ) വെളിച്ചെണ്ണ – ആവശ്യത്തിന്
9 ) ഉപ്പു – ആവശ്യത്തിന്
10 ) ചെറിയുള്ളി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് – അഞ്ചാറു എണ്ണം

തയ്യാറാക്കുന്ന വിധം:

1 ) ഒരു ചീനചട്ടിയോ പാനോ എടുത്തു അല്പം വെളിച്ചെണ്ണ ഒഴിച്ച് മുഴുവൻ ഉണക്കമീനും ഒന്നിച്ചിട്ടു ചെറുതായി ഒന്ന് വറുത്തു മാറ്റി വയ്ക്കുക; കുറച്ചു വെളിച്ചെണ്ണ മതി സാധാരണ മീൻ വെറുക്കുന്നത് പോലെ ചേർക്കേണ്ട; മൊത്തം മീനും ഇട്ടു ഇളക്കി കൊണ്ടിരുന്നാൽ അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഒന്ന് വറവായി വരും; അത്രേം മതി; നല്ല പോലെ കരുകറുപ്പായി വറുക്കരുത്; ഈ ചെറുതായി വറുത്ത മീൻ അമ്മിക്കല്ലിലോ ചെറിയ ഉരലിലോ (ഞാൻ എന്റെ അടുത്തുള്ള കല്ലിന്റെ ചെറിയ ഉരലിൽ ആണ് ഇടിച്ചെടുത്തത്) കുറേശ്ശേയായി ഇട്ടു ഒന്ന് ഇടിച്ചു ചതച്ചെടുക്കുക
2 ) ഒരു മഞ്ചട്ടിയെടുത്തു അതിലേക്കു ചതച്ച ഉണക്കമീനും പച്ചമാങ്ങയും തേങ്ങയുടെ അരപ്പും പച്ചമുളകും ഇഞ്ചി ചതച്ചതും സവാളയും ആവശ്യത്തിന് ഉപ്പും ഒരു പിടി കറിവേപ്പിലയും കൂടി ഇട്ടു നന്നായി ഒന്ന് ഇളക്കി മീഡിയം തീയിൽ വേവിക്കുക ; തിള വന്നു തുടങ്ങിയാൽ വളരെ ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കുക; മുകളിൽ എണ്ണ തെളിഞ്ഞു (മീൻ വറുത്ത എണ്ണ ) മാങ്ങാ വെന്തു ഉടയാൻ തുടങ്ങുന്ന പരുവത്തിൽ ഉപ്പു നോക്കി പാകമാക്കി തീ ഓഫ് ചെയ്യുക
3 ) ഒരു ചീനചട്ടിയോ പാനോ അടുപ്പിൽ വച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി ഇട്ടു ബ്രൗൺ നിറമാകുന്നതു വരെ മൂപ്പിച്ചു ബാക്കിയുള്ള കറിവേപ്പില ചേർത്ത് മൂപ്പിച്ചു കറിക്കു മുകളിൽ ഈ താളിപ്പു ഒഴിക്കുക; രണ്ടു മിനിറ്റ് മൂടി വയ്ക്കുക; ശേഷം തുറന്നു വച്ച് ചൂടാറാൻ അനുവദിക്കുക; പിറ്റേ ദിവസം കഴിക്കാൻ ഒന്നുകൂടെ സ്വാദ് ആണ്…

ഉണക്കമീൻ ഇഷ്ടമുള്ളവർക്ക് ഇത് നല്ലൊരു കറിയായിരിക്കും തീർച്ച…

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.