മട്ടന്നൂര്‍ റവന്യൂ ടവറിനും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനും 20 ന് മുഖ്യമന്ത്രി തറക്കല്ലിടും.

മട്ടന്നൂര്‍: മട്ടന്നൂരില്‍ നിര്‍മ്മിക്കുന്ന റവന്യൂ ടവറിന്റെയും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ശിലാസ്ഥാപനം ഒക്ടോബര്‍ 20 ന് രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒരേ ചടങ്ങിലാണ് രണ്ട് പദ്ധതികളുടെയും ശിലാസ്ഥാപനം.
വിളംബര ജാഥയുള്‍പ്പെടെയുള്ള വിപുലമായ പരിപാടികള്‍ ശിലാസ്ഥാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് ഒക്ടോബര്‍ 11 ന് വൈകിട്ട് നാല് മണിക്ക് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ മട്ടന്നൂരില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേരും. 100 കോടിയോളം രൂപ ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നത്. മട്ടന്നൂരിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ 22.53 കോടി രൂപ ചെലവിലാണ് റവന്യൂ ടവറിന്റെ നിര്‍മ്മാണം. മട്ടന്നൂര്‍ കോടതിക്ക് സമീപം പഴശ്ശി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയില്‍ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് ഇരു കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത്.
ശിലാസ്ഥാപനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ പി ജയബാലന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ രാജന്‍ (കീഴല്ലൂര്‍), പി പി നൗഫല്‍ (കൂടാളി), എഡിഎം ഇ പി മേഴ്‌സി, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, വ്യവസായ വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം രതീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിട്ടി തഹസില്‍ദാര്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കാണ് പരിപാടിയുടെ ഏകോപന ചുമതല.

Leave A Reply

Your email address will not be published.